കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദര്‍ശനം നടത്താനിരിക്കെ കോഴിക്കോട് സര്‍വകലാശാലയിൽ “കറുത്ത’ ബാനറുകൾ ഉയർത്തി എസ്എഫ്ഐ. ചാൻസലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാൻസലര്‍ യു ആര് നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് എഴുത്തുകൾ.
സര്‍വകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമാധാനപരമായി ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ പ്രതികരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാൻ ശ്രമിക്കുന്ന ചാൻസലര്ക്കെതിരേയാണ് തങ്ങളുടെ സമരം. കേരളത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ എത്തിയാൽ പ്രതിഷേധമുണ്ടാകും. എസ്എഫ്ഐ ഘടകങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമരമാണ് നടത്തുകയെന്നും ഹസൻ വ്യക്തമാക്കി. എസ്എഫ്ഐയുടെ സംസ്ഥാന കേന്ദ്ര നേതാക്കളാകെ അണിനിരന്നുള്ള പ്രതിഷേധത്തിനാണ് തീരുമാനം. ഇന്ന് വൈകുന്നേരം ഗവര്‍ണര്‍ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പോലീസ് ഒരുക്കിയിട്ടുള്ളത്.
കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നു ദിവസം ഗവർണർ ക്യാമ്പസിൽ തങ്ങും.