ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങിയ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിനെ എംഎസ്എം കോളജിൽനിന്നും സസ്പെൻഡ് ചെയ്തു. കോളജ് പ്രിൻസിപ്പലാണ് ഇക്കാര്യം അറിയിച്ചത്.സംഭവത്തിൽ അന്വേഷണത്തിന് ആറംഗസമിതിയെയും നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് കോളജ് നിർദേശം നൽകി. പോലീസിൽ പരാതി നൽകുമെന്നും കോളജ് അറിയിച്ചു.
എംകോം പ്രവേശനത്തിനുവേണ്ടി കായംകുളം എംഎസ്എം കോളജില്‍ നിഖിൽ ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റായിരുന്നു. കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് കാട്ടിയാണ് നിഖില്‍ എംഎസ്എം കോളജില്‍ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്.അതേസമയം നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി ഇന്ന് വ്യക്തമാക്കിയതോടെയാണ് എസ്എഫ്ഐ നേതാവിന്റെ കള്ളം പൊളിഞ്ഞത്.
നിലവിൽ എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. 2018 – 2020 കാലഘട്ടത്തില്‍ നിഖില്‍ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കുകയായിരുന്നു.ബികോം പഠനകാലത്ത് 2019 ല്‍ എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.