തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽപ്പോയ എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലിനെ തിരയുന്നത്. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്തായിരുന്നു അവസാനമായി ലോക്കേഷൻ കണ്ടെത്തിയത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കായംകുളം പൊലീസ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകി. സർവകലാശാലയിലെത്തി നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പൊലീസ് കാണിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, നിഖിൽ തോമസിന്റേത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തിയതിൽ റായ്പൂർ പൊലീസിൽ പരാതി നൽകില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. കേരള പൊലീസിന്റെ അന്വേഷണം മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം. അഭിഭാഷകരുമായി നടത്തിയ ച്ചയിലാണ് തീരുമാനമായത്.
നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി
കായംകുളം എം.എസ്.എം കോളേജിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം പ്രവേശനം നേടിയ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും, കായംകുളം ഏരിയാ സെക്രട്ടറിയുമായിരുന്ന നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നു വന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ചുമതലകളിൽ നിന്നും നിഖിലിനെ മാറ്റി നിറുത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു വിശദീകരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പ്രസ്താവനയിൽ പറഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്താനുള്ള സാദ്ധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ചപ്പോൾ ഒറിജിനലാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചുവെന്ന സംശയം നിലനിന്നു.
. പിന്നീട് പുറത്തു വന്ന വാർത്തകൾ പ്രകാരം, നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നില്ലെന്നാണ് മനസ്സിലായത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നവരിൽ ഒരാളായി നിഖിൽ തോമസും മാറി . ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും
പ്രസ്താവനയിൽ പറഞ്ഞു.