തൊടുപുഴ : ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ വധിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി തൊടുപുഴ പ്രിൻസിപ്പൽ സെഷന് കോടതി തളളി . ഏഴാം പ്രതി ജസ്റ്റിൻ ജോയിയുടെയും എട്ടാം പ്രതി അലൻ ജോയിയുടെയും ഹർജിയാണ് തള്ളിയത്. കേസിൽ കുറ്റപത്രം കേൾക്കരുത് എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയാണ് തള്ളിയത്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ആണ് കേസിലെ കുറ്റപത്രം തയ്യാറാക്കിയത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ തെളിവ് നശിപ്പിച്ച കുറ്റവും പ്രതികൾക്കെതിരെ ചുമത്തി. സംഭവം നടന്ന് 81-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കെഎസ്യു– യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേരെയാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു. പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന് ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചിൽ മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ, പട്ടികജാതി അതിക്രമം തടയൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 1600 ലേറെ പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ആറ് വാല്യങ്ങളായി. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ് രണ്ടുമുതൽ എട്ടുവരെ പ്രതികൾ.കേസിൽ ആകെ 143 സാക്ഷികളാണുള്ളത്.