കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ രണ്ടാം പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞു. വിശാഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.20നകം കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കേസ് ഡയറി ഹാജരാ ക്കുന്നതുവരെ വിശാഖിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഗുരുതരമായ വിഷയമാണിത്. വിശാഖിന്റെ പങ്കും ഗൗരവമാണ്. അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആൾമാറാട്ടം നടത്തി എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സർവകലാശാലയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.