തിരുവനന്തപുരം: കേരള സർവകലാശാലക്ക് മുന്നിലെ എസ്എഫ്ഐ ബാനർ അഴിക്കില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. ജനാധിപത്യത്തിന്റെ ഭാഗമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു വേണ്ടി എന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
സർവകലാശാലക്ക് മുന്നിൽ സ്ഥാപിച്ച ബാനർ ഉടൻ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകിയത്. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ബാനർ സ്ഥാപിച്ചത്.
അതേസമയം, ഗവർണർക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്ഐ. ഇന്നലെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകവേ നാല് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു.
പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്ന് ഗവർണർ പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്.