തൊടുപുഴ : ഇടുക്കിയിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്.
‘സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം.
ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ.
പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്.