കോഴിക്കോട് : കൊയിലാണ്ടിയില്‍ ആര് ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാര്‍ഥിക്ക് എസ്എഫ്ഐ മര്‍ദനം. സി ആര് അമല്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് തലയിലും മുഖത്തും മര്‍ദിച്ചെന്നാണ് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം.
കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ അവിടെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കോളജ് യൂണിയന് ചെയര്‍മാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ചേര്‍ന്നാണ് മര്‍ദിച്ചത്. അക്രമികള്‍ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മര്‍ദനം മനഃപൂര്‍വം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് അമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ അമല്‍ ഇടപെട്ടിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു. കോളജിനു പുറത്ത് മറ്റൊരു വീടിന്റെ മുറ്റത്തുവച്ച് മര്‍ദിച്ചതായാണ് പരാതി. അമലിനൊപ്പം രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു.