കോഴിക്കോട്/കൊച്ചി : കോഴിക്കോട് ജില്ലയിലും എറണാകുളം ജില്ലയിലും കടലാക്രമണം രൂക്ഷം. കോഴിക്കോട് ജില്ലയിലെ വാക്കടവ്, കപ്പലങ്ങാട്, കടുക്കബസാര്‍ മേഖലകളില്‍ കടല്‍ക്ഷോഭത്തിൽ നൂറോളം വീടുകളില്‍ വെള്ളം കയറി.ആളുകളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റുകയാണ്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് മാറ്റിപാര്‍പ്പിക്കേണ്ടി വരും.ജില്ലയില്‍ പലയിടത്തും ശക്തമായ മഴ തുടരുകയാണ്.
കനത്ത മഴ തുടരുന്നതോടെ ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷം. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. കടല്‍ഭിത്തി ഇല്ലാത്ത പ്രദേശമാണിത്. ചെല്ലാനം പുത്തന്‍തോട് ബീച്ച് വരെ 7.35 കിലോമീറ്റര്‍ ടെട്രാപോഡ് കടല്‍ഭിത്തി ഉള്ളതിനാല്‍ ജനവാസ മേഖല സുരക്ഷിതമാണ്. ശേഷിക്കുന്ന ഭാഗത്തുകൂടി ടെട്രാപോഡ് കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.