

തിരുവനന്തപുരം: നെൽ കർഷകർക്ക് കേന്ദ്രത്തിന്റെ കടുംവെട്ട്. സംസ്ഥാനം നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. കേന്ദ്രത്തിന്റെ താങ്ങുവിലയ്ക്ക് പുറമെയാണ് സംസ്ഥാനം ബോണസ് നൽകുന്നത്. പ്രോത്സാഹന ബോണസായി നൽകിവന്നിരുന്ന 6.31 രൂപ നിർത്തലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒന്ന്, രണ്ട് സീസണുകളിലായി 2.50 ലക്ഷം കർഷകരിൽ നിന്നായി ശരാശരി ഏഴുലക്ഷം മെട്രിക്ടൺ നെല്ലാണ് ഒരു വർഷം സംഭരിക്കുന്നത്. 95 ശതമാനം നെല്ലും സംഭരിക്കുന്നുണ്ട്. അധിക ബോണസിന് പുറമെ കൃഷി പ്രോത്സാഹനത്തിന് നിരവധി സബ്സിഡികളും സർക്കാർ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉത്പാദനം പിടിച്ചുനിർത്തുന്നത്.
നെല്ലും ഗോതമ്പും ഉൾപ്പെടെയുള്ള വിളകൾ കർഷകരിൽ നിന്നും യൂണിയൻ സർക്കാർ വഴി താങ്ങുവില നൽകി ശേഖരിക്കുന്നത് കർഷകരെ സഹായിക്കുന്നതിനായാണ്. എന്നാൽ കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഒരു വിഹിതം കൂടി കർഷകർക്ക് നൽകുന്നത് വഴി നെല്ലിന്റെയും ഗോതമ്പിന്റേയും ഉത്പാദനം രാജ്യത്ത് വർധിക്കുന്നതിന് കാരണമാകുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇത്രയും നെല്ല് സംഭരിക്കാനുള്ള സൗകര്യം രാജ്യത്തില്ലെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. ധാരാളമായി വെള്ളം വേണ്ട കൃഷിയായതിനാൽ ഭൂഗർഭ ജലലഭ്യതയേയും പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
കേന്ദ്രത്തിന്റെ കത്ത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. കേന്ദ്രത്തിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കർഷകർക്ക് ബോണസ് നൽകുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷി സംസ്ഥാനത്തിന്റെ കാര്യമാണ് അതിൽ കേന്ദ്രം ഇടപെടേണ്ടെന്നും മന്ത്രി പറഞ്ഞു.
നെൽകർഷകർക്ക് പ്രോത്സാഹന ബോണസ് നൽകരുതെന്ന കേന്ദ്ര നിർദേശം വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരോടുള്ള വെല്ലുവിളിയാണ് കേന്ദ്രം നടത്തുന്നത്. കർഷകരെ സംസ്ഥാനം ചേർത്തുപിടിക്കുന്നതിൽ കേന്ദ്രത്തിന് എന്തിനാണ് അസ്വസ്ഥതയും മുഖ്യമന്ത്രി ചോദിച്ചു.
