കൊച്ചി : കേരള സര്‍വകലാശാലാ സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യോഗ്യതയുള്ളവരെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി മാര്‍ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
ആര്‍ട്സ്, സ്പോര്‍ട്സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ സെനറ്റിലേക്കു നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം. ഇത്തരത്തില്‍ കഴിവു തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാലു പേരെ നാമനിര്‍ദേശം ചെയ്തെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയൊന്നുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.