ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്.
കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സി.എം.ആർ.എൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.