ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്നാട് സർക്കാർ.സെന്തിൽ ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിലപാടിനെ തള്ളിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ബാലാജി മന്ത്രിയായി തുടരുന്നതിൽ ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. അതേസമയം സെന്തിലിന് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി.