ചെന്നൈ: നെഞ്ചുവേദനയെ തുടർന്നു സർക്കാർ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റും. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റുന്നത്.സെന്തിൽ ബാലാജിയുടെ സ്വന്തം ചെലവിൽ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ ജസ്റ്റീസുമാരായ ജെ. നിഷ ബാനുവും ഡി. ഭരത ചക്രവർത്തിയുമാണ് ഉത്തരവിട്ടത്.
സെന്തിൽ ബാലാജിയുടെ മെഡിക്കൽ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും എയിംസിലെ വിദഗ്ധ ഡോക്ടർമാർ സെന്തിലിനെ പരിശോധിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. ഇഡിയുടെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്നു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്ക് ഉണ്ടെന്നും ഉടൻ ബൈപ്പാസ് സർജറിക്ക് വിധേയനാക്കണമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മെഡിക്കൽ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് ഇഡി അറിയിച്ചിരുന്നു.