ന്യൂഡൽഹി : മണിപ്പുരിൽനിന്നും അസം റൈഫിൾസിനെ (എആർ) പിൻവലിക്കില്ലെന്ന് കേന്ദ്രം. അസം റൈഫിൾസിന് പകരം മറ്റേതെങ്കിലും കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപ്പുർ സംസ്ഥാന ബിജെപിയും മെയ്തെയ് വിഭാഗവും അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസം റൈഫിൾസ് ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം മണിപ്പുർ പോലീസ് അസം റൈഫിൾസിനെതിരെ കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്.
കുക്കി തീവ്രവാദികളെ ബിഷ്ണുപൂരിലെ ക്വാക്തയിൽ നിന്നും പലായനം ചെയ്യാൻ സഹായിച്ചെന്നാണ് അസം റൈഫിൾസിനെതിരായ പരാതി. മണിപ്പൂരിൽ നിന്ന് അസം റൈഫിൾസിനെ നീക്കം ചെയ്യാൻ പദ്ധതിയില്ല, പരാതികളുണ്ടെങ്കിൽ നടപടിയെടുക്കും- ഉദ്യോഗസ്ഥൻ പറഞ്ഞു. ഇംഫാലിലെ ആശുപത്രികളിലുള്ള ഒൻപത് മൃതദേഹങ്ങൾ ഒഴിച്ച് മറ്റെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. മറവ് ചെയ്യാൻ ചുരാചന്ദ്പൂരിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷം മൃതദേഹങ്ങൾ അവിടേക്ക് അയക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.