ലിസ്ബൺ: വിനീഷ്യസ് അടക്കമുള്ള മിന്നും താരങ്ങൾ ഉണ്ടായിരുന്നിട്ടും സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനോട് തോറ്റ് ബ്രസീൽ. പോർച്ചുഗലിനെ ജോസ് അൽവലാഡെ സ്റ്റേഡിയം സെനഗലിനെ നേരിട്ട ബ്രസീൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. സെനഗലിനായി സാദിയോ മാനെ ഇരട്ടഗോൾ നേടി.
പതിനൊന്നാം മിനിറ്റിൽ ലൂക്കാസ് പാക്വെറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 22-ാം മിനിറ്റിൽ ഹബീബ് ഡയല്ലോ സെനഗലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം മാർക്വിനോസിന്റെ സെൽഫ് ഗോളിലൂടെ സെനഗൽ മുന്നിലെത്തി. മൂന്നു മിനിറ്റുകൾക്ക് ശേഷം സാദിയോ മാനെയിലൂടെ സെനഗൽ മൂന്നാംഗോൾ നേടി. 58-ാം മിനിറ്റിൽ ബ്രസീൽ തിരിച്ചടിച്ചു. മാർക്വിനോസിന്റെ ഗോളെത്തി. സമനില ഗോളിനായി ബ്രസീൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികസമയത്ത് മാനെ വീണ്ടും ഗോളടിച്ചതോടെ ബ്രസീൽ തോൽവി നേരിട്ടു.