കൊൽക്കത്ത : അക്ബർ എന്ന പേരിനോടല്ല, സീത എന്ന പേരിനോടാണ് തങ്ങൾക്ക് പ്രശ്നമെന്ന് വി.എച്ച്.പി. സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിലെ വാദത്തിലാണ് പെണ് സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ് സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി പരിഗണിച്ചപ്പോള്‍ തുടര്‍ന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കല്‍ക്കട്ട ഹൈക്കോടതി ജല്പായഗുരി സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ വി.എച്ച്.പിയുടെ അഭിഭാഷകനോട് ചോദിച്ചു.ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു.
ഇതില്‍ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തില്‍ റിട്ട് ഹര്‍ജി എന്തിനാണ് നല്‍കിയതെന്നും കോടതി ചോദിച്ചു. ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ ആക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്ന് ബംഗാൾ സർക്കാർ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയതെന്നും കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ ശുഭാങ്കര്‍ ദത്ത നേരത്തെ പ്രതികരിച്ചിരുന്നു.ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്.