ന്യൂഡൽഹി: 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്. 1200 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 2019ൽ എൻഡിഎ 56 സീറ്റുകളിലും യുപിഎ 24 സീറ്റുകളിലുമാണ് വിജയിച്ചത്.
മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53% പോളിങ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിലാണ് പോളിങ്ശതമാനം ഏറ്റവും കുറവ്. 31 ശതമാനമാണ് മഹാരാഷ്ട്രയിലെ പോളിങ്. 2019ൽ ഈ 88 സീറ്റുകളിൽ ഉച്ചയ്ക്ക് 1 മണി വരെ 40% പോളിങ് രേഖപ്പെടുത്തിയിരുന്നു.കേരളത്തിലെ എല്ലാ സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 8 സീറ്റുകളിലും മധ്യപ്രദേശിൽ 7 സീറ്റുകളിലും അസമിലും ബിഹാറിലും 5 സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും 3 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.