ന്യൂഡൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനിക്കെതിരെ സെബി. ഇന്‍സൈഡര്‍ ട്രേഡിങ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പ്രണവ് അദാനി ലംഘിച്ചുവെന്ന് സെബി ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
കമ്പനിയുടെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ ഓഹരിവില കൂടുമോ കുറയുമോയെന്ന് മനസ്സിലാക്കാനാകും. ഈ വിവരങ്ങൾ മനസ്സിലാക്കി കമ്പനിക്ക് ഉള്ളിലുള്ളവർ തന്നെ ഓഹരികൾ വാങ്ങിക്കൂട്ടുകയോ വിൽക്കുകയോ ചെയ്യുന്നതാണ് ഇൻസൈഡർ ട്രേഡിങ്.
‘അദാനി ഗ്രീൻ’ എസ്ബി എനര്‍ജി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വില നിര്‍ണായക വിവരങ്ങള്‍തന്റെ സഹോദരീഭര്‍ത്താവ് ആയ കുനാല്‍ ഷായ്ക്ക് കൈമാറി എന്നും 2021ല്‍ ഇന്‍സൈഡര്‍ ട്രേഡിങ് നിയമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സെബി രേഖയില്‍ പറയുന്നു. പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. വിവരം ലഭിച്ച കുനാലും നൃപുലും ഓഹരിവ്യാപാരത്തിലൂടെ 90 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ആരോപണം.
ഇവരുടെ കോള്‍ റെക്കോര്‍ഡുകളും വ്യാപാര രീതികളും അന്വേഷണത്തില്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരം ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഷാ സഹോദരന്മാര് പ്രസ്താവനയില്‍ പറഞ്ഞു. ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ പ്രണവ് അദാനി തയാറായിട്ടില്ല.