മംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.നേവൽ വിഭാഗത്തോട് ശ്രമം തുടരാൻ കലക്ടറും യോഗത്തിൽ പങ്കെടുത്തവരും ആവശ്യപ്പെട്ടു.
സാധ്യമാവുന്ന പുതിയ രീതികൾ അവലംബിക്കും. മൂന്ന് പേരെയും കണ്ടെത്താനുള്ള ശ്രമം തുടരും. കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും. എന്നാൽ ഈ കാലാവസ്ഥയിൽ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.കാലാവസ്ഥ അനുകൂലമല്ല, എന്നാൽ ഈ കാലാവസ്ഥയിലും ചെയ്യാനാവുന്ന കാര്യങ്ങളുണ്ട് അതെല്ലാം ചെയ്യും. പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടും. എല്ലാ നിലയിലുള്ള ശ്രമവും നടത്തണമെന്നാണ് യോഗം തീരുമാനിച്ചത്. കൂട്ടായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അർജുനെ കൂടാതെ രണ്ട് പേരെ കൂടി കാണാതായിട്ടുണ്ട്. മൂവരെയും കണ്ടെത്തും. അതുവരെ തിരച്ചിൽ തുടരുമെന്നും വലിയ ശ്രമങ്ങളാണ് ഇവിടെ നടത്തിവരുന്നതെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലി പറഞ്ഞു. സിഗ്നൽ ലഭിച്ച സ്ഥലത്ത് ശക്തമായ അടിയൊഴുക്കുണ്ടെന്നും അതിനാൽ തന്നെ നേവിക്ക് അവിടെ വിദഗ്ധ പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. പുഴയിൽ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പുഴയില് ഡ്രഡ്ജിങ് നടത്തുക അസാധ്യമെന്നും കലക്ടർ അറിയിച്ചു.
മന്ത്രി പി.എ മുഹമ്മദ് റിയാസ്, എംപി. എംകെ രാഘവൻ, എംഎൽഎമാരായ എകെ.എം. അഷ്റഫ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലി, എസ്പി എം നാരായണ മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.