മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും കൂടുതൽ പരിശോധന നടത്തുക. തിരച്ചിലിനു കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവു തിരച്ചിൽ നടത്തും. ആറ് സോണുകളായി തിരിഞ്ഞാണു തിരച്ചിൽ.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും നടക്കും. ഇതുവരെ 413 മരണമാണു സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരാണു കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. മന്ത്രി ആർ. ബിന്ദു ഉരുൾപൊട്ടൽ മേഖല സന്ദർശിക്കും. ദുരന്തബാധിതരുടെ പുനരധിവാസം മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനാണു മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാംപുകളില്‍ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്പര്യമുള്ളവര്ക്ക് സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റു സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും.