ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ പട്ടിക എസ്.ഡി.പി.ഐ തയ്യാറാക്കിയിട്ടുണ്ട്. സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച ആരംഭിക്കും.
ബി.ജെ.പിയുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ ഉപേക്ഷിച്ചതിനെ തുടർന്നാണ് എസ്.ഡി.പിഐ അവരുമായി അടുക്കുന്നത്. എന്നാൽ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈയിടെ മധുരയിൽ നടന്ന പാർട്ടി പരിപാടിയിൽ എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു. ബി.ജെ.പിയുമായി സഖ്യപ്പെട്ട ശേഷം നഷ്ടമായ ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാനാണ് അണ്ണാ ഡി.എം.കെ ആലോചിക്കുന്നത്. മുസ്ലിംലീഗ്, മനിതനേയ മക്കൾകക്ഷി എന്നീ പാർട്ടികൾ ഡിഎംകെ സഖ്യത്തിലുള്ള സാഹചര്യത്തിൽക്കൂടിയാണ് എസ്.ഡി.പി.ഐയെ ഒപ്പംനിർത്താനുള്ള ശ്രമം.
കഴിഞ്ഞ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്കൊപ്പമായിരുന്നു എസ്.ഡി.പി.ഐ. ലോക്സഭയിൽ ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ പാർട്ടിക്കായി മത്സരിച്ച ദെഹ്ലാൻ ബാഖവി 23,741 വോട്ടു നേടിയിരുന്നു. അലന്തൂർ, അംബൂർ, പാളയംകോട്ടെ, തിരുവാരൂർ, മധുരൈ സെൻട്രൽ, ട്രിച്ചി വെസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പാർട്ടി ജനവിധി തേടിയിരുന്നത്. ലോക്സഭയിൽ ചെന്നൈ സെൻട്രലിന് പുറമേ, രാമനാഥപുരം, മയിലാടുതുറൈ, പൊള്ളാച്ചി, ദിണ്ടിഗൽ, ഈറോഡ് സീറ്റുകളും എസ്.ഡിപി.ഐയുടെ പട്ടികയിലുണ്ട്.