ആലപ്പുഴ :സ്ക്രാച്ച് ആൻഡ് വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന് കാണിച്ച് നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു ചന്ദ്രൻ (35), എറണാകുളം ആലുവ കീഴ്മാട് ചെന്താരവീട്ടിൽ ലിഷിൽ (35) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. ഇടുക്കി കരിങ്കുന്നത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വാഹനം ലഭിക്കാനുള്ള സർവീസ് ചാർജും വിവിധ ടാക്സുകളുമാണെന്ന് വിശ്വസിപ്പിച്ച് 16 തവണയായി 8,22,100 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. വാഹനം ആവശ്യപ്പെട്ടപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ പരാതിക്കാരി ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണസംഘം രൂപീകരിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺവിളികളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.