കണ്ണൂർ : സ്കൂട്ടർ യാത്രക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ. എം.പി.ഫറാസ് (21) ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു.
വഴിയിലൂടെ തപാലുമായി പോകുകയായിരുന്ന സ്ത്രീ ഹെല്‍മറ്റും ചെരിപ്പും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു. തുടർന്ന് അടുത്ത വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഫറാസിനെ കരയ്ക്കെത്തിച്ചത്. ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എസ്.പി.അബ്ദുള്ളയുടേയും മീത്തിലെ പുരയില്‍ ഫാത്തിമയുടേയും മകനാണ്. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.