ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്കിയ 20 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രില്‍ 18 മുതല്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയ കോടതി മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു.
വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമസാധുത നല്‍കാതെ തന്നെ ഏതാനും അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്കാന് തയാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.