ന്യൂഡൽഹി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്‘- എന്നായിരുന്നു രാഹുലിന്റെ പരാമർശം. പിന്നാലെ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷി വിധിച്ചു. ഇന്ന് സ്റ്റേ ആവശ്യം സുപ്രീം കോടതി അനുവദിച്ചാൽ രാഹുലിന്റെ അയോഗ്യത നീങ്ങി അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പൂർണേഷ് മോദി ഇതിനെതിരെ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ആദ്യം ജില്ലാ കോടതിയേയാണ് രാഹുൽ സമീപിച്ചത്. എന്നാൽ അപ്പീൽ തള്ളി. പിന്നാലെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഗുജറാത്ത് ഹൈക്കോടതിയും അപ്പീൽ തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപടേണ്ട സഹാചര്യം നിലവിലില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.