ന്യൂഡൽഹി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രിംകോടതിയിൽ തിരിച്ചടി. കേസ് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കകം തീർപ്പുകൽപിക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം, ഹൈക്കോടതി വിധി വരുന്നതു വരെ എം.പി സ്ഥാനത്തു തുടരാമെന്നും അറിയിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീലിലാണ് സുപ്രിംകോടതി ഇടപെടൽ. ഫൈസലിനെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്തതിന്റെ കാരണം ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു വിധിച്ചത്. പത്തു വർഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം എം.പിയാണെന്ന കാരണം ചൂണ്ടിക്കാട്ടി വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.