ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന് ഉള്ളത് എന്തുകൊണ്ടെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.