ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ച് എസ് ബി ഐ. ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചതായി എസ് ബി ഐ അറിയിച്ചു. പാസ്വേഡ് പരിരക്ഷയുള്ള രണ്ട് പിഡിഎഫ് ഫയലുകളിലാണ് ഡാറ്റയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയില്‍ 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ ആണ് ഇഷ്യൂ ചെയ്തത്.
ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 22,030 ബോണ്ടുകള്‍ പണമാക്കി മാറ്റി. ബാക്കിയുള്ള 187 പേര് റിഡീം ചെയ്യുകയും പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചു. 2019 ഏപ്രില്‍ ഒന്നിനും 11-നുമിടയില്‍ 3346 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ 1609 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2019 ഏപ്രില്‍ 12-നും, 2024 ഏപ്രില്‍ 15-നുമിടയില്‍ 20421 ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ 18,871 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആരൊക്കെ എത്രയൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടി എത്ര ബോണ്ടുകള്‍ ഏതൊക്കെ തീയതികളില്‍ പണമാക്കിയിട്ടുണ്ടെന്ന് ഇതിലുണ്ട്.
ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ദാതാക്കള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ബോണ്ടുകള്‍ വാങ്ങുന്ന പദ്ധതിയായിരുന്നു റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി. ഫെബ്രുവരി 15 ലെ സുപ്രധാന വിധിയില്‍, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു.
ഇത് പൗരന്മാരുടെ വിവരാവകാശത്തെ ലംഘിക്കുന്നു എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് ഉടനടി നിര്‍ത്താനും സംഭാവനകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനും അത് പരസ്യമാക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
ജൂണ്‍ 30 വരെ സമയപരിധി ആവശ്യപ്പെട്ടായിരുന്നു എസ്ബിഐ കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്ബിഐയുടെ ഒരാവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.