കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടിയായി. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യം പിന്നിട്ടത്.
റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി save abdul rahim എന്ന പേരിൽ ആപ്പും ആരംഭിച്ചിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്. ഇതുവഴിയും ഫണ്ട് കലക്ഷൻ നടക്കുന്നുണ്ട്.ഫണ്ട് കലക്ഷൻ 30 കോടി പിന്നിട്ടതോടെ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിച്ചിരുന്നു.ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ അടക്കം ഓഫ്ലൈനായും വലിയ തോതിൽ ധനസമാഹരണം നടത്തിയിരുന്നു.