റിയാദ്: 2034 ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയായേക്കും. ലോകകപ്പ് ആതിഥേയത്വത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാനദിവസമായ ചൊവ്വാഴ്ച ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് നറുക്ക് വീണത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷത്തെ ഫിഫ കോൺഗ്രസിൽ നടക്കും.
2026 ലോകകപ്പ് വടക്കൻ അമേരിക്കയിലെ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി നടക്കും. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഏഷ്യ, ഓഷ്യാനിയ മേഖലകളിൽ നിന്നുള്ള അസോസിയേഷനുകളെയാണ് ഫിഫ ക്ഷണിച്ചത്.
ലോകകപ്പ് വേദിക്കായി ഇന്തോനേഷ്യയും ഓസ്ട്രേലിയയുമാണ് നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്തോനേഷ്യ പിന്മാറി. സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയയും പിന്മാറിയത്. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് പിന്മാറുന്നതെന്ന് ഫുട്ബോൾ ഓസ്ട്രേലിയ അറിയിച്ചു.