ജക്കാര്‍ത്ത : സീസണില്‍ മിന്നും ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് വീണ്ടും കിരീട തിളക്കം. ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്മാരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ മലേഷ്യന്‍ സഖ്യം ആരോണ്‍ ചിയ- സോ വൂയ് യിക സഖ്യത്തെയാണ് സാത്വിക്- ചിരാഗ് സഖ്യം തകര്‍ത്തുവിട്ടത്. ചരിത്ര നേട്ടത്തോടെയാണ് സഖ്യത്തിന്റെ ചാമ്പ്യന്‍ പട്ടം. ബാഡ്മിന്റണ്‍ വേൾഡ് ടൂർ സൂപ്പർ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അനുപമ നേട്ടത്തോടെയാണ് ഇരുവരും വിജയിക്കൊടി നാട്ടിയത്. മലേഷ്യന്‍ സഖ്യത്തിനെതിരെ രണ്ട് സെറ്റ് പോരാട്ടത്തില്‍ തന്നെ ഇന്ത്യന്‍ സംഘം കിരീടം ഉറപ്പിച്ചു. സ്കോര്‍: 21-17, 21-18. പതിഞ്ഞ താളത്തിലാണ് ഇന്ത്യന്‍ സഖ്യം തുടങ്ങിയത്. പതിയെ മത്സരത്തിലേക്ക് കൂടുതല്‍ അടുത്ത ഇരുവരും എതിരാളികള്‍ക്ക് പിന്നീട് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല. നേരിട്ടുള്ള പോരാട്ടത്തില്‍ തന്നെ രണ്ട് സെറ്റും അനായാസം സ്വന്തമാക്കി. ഇന്ത്യന്‍ സഖ്യത്തിന്റെ ആക്രമണാത്മക ശൈലി എതിരാളികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി. നിരവധി പിഴവുകളാണ് ലോക ചാമ്പ്യന്‍സ് സഖ്യത്തില്‍ നിന്നുണ്ടായത്.