തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണക്കുന്നുവെന്നും എന്നാല്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
തുറമുഖ നിര്‍മാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല, പുനരധിവാസത്തില്‍ പുരോഗതി നിരാശാജനകമാണ്. യുഡിഎഫ് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.ഈ പ്രശ്നങ്ങളെല്ലാം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സര്‍ക്കാര്‍ പരിഹരിക്കണം, തീരദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം, തരൂര്‍ പറഞ്ഞു. അതേസമയം പരിപാടിയില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ക്രെഡിറ്റ് കൊടുക്കേണ്ടി വരുമോയെന്ന് ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചിരുന്നു.