തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും എംപിയുമായ ശശി തരൂര്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പ്രസംഗിച്ചുകൊണ്ടിരിക്കെ പൊടുന്നനെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. വേദിയിരിരുന്ന നേതാക്കള്‍ക്ക് വലിയ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തങ്ങള്‍ക്ക് വേദി വിടേണ്ടി വന്നെന്നും തരൂര്‍ പ്രതികരിച്ചു.
സമാധാനപരമായ സമരത്തിനെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചത് ആരുടെ ഉത്തരവ് പ്രകാരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.ഒരു ന്യായീകരണവും ഇല്ലാത്ത നടപടിയാണ് ഉണ്ടായത്. വളരെ വീര്യമുള്ള കണ്ണീര്‍വാതകമാണ് പ്രതിഷേധക്കാര്‍ക്ക് നേരേ പ്രയോഗിച്ചത്.ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ജനാധിപത്യത്തെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. എംപിമാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ ലോക്സഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും തരൂര്‍ പ്രതികരിച്ചു.