തിരുവനന്തപുരം: നരേന്ദ്രമോദി മത്സരത്തിന് എത്തിയാലും തിരുവനന്തപുരത്ത് നേരിടാൻ തയ്യാറാണെന്ന് ശശിതരൂർ എം.പി. കോൺഗ്രസ് നേതൃത്വം തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആര് എതിരാളിയായി വന്നാലും ഭയമില്ല. തിരുവനന്തപുരത്ത് താൻ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. മത്സരം വന്നാൽ തന്റെ ഈ റെക്കാഡുകൾ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി മത്സരിക്കേണ്ടതില്ല എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. മറ്റുമേഖലകളിൽ ശ്രദ്ധിക്കണമെന്ന ചിലരുടെ അഭിപ്രായം പരിഗണിച്ചായിരുന്നു അത്. ആരോഗ്യമുണ്ടെങ്കിൽ പ്രവർത്തിക്കണമെന്നും മത്സരിക്കണമെന്നുമാണ് ഇപ്പോൾ എല്ലാവരും ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. ബി.ജെ.പി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ തന്നെ മാറ്റുമെന്നാണ് ഭയം.
അനിൽആന്റണിക്ക് പദവികൾ ഉറപ്പാക്കാൻ എ.കെ.ആന്റണി ശ്രമിച്ചിട്ടില്ലെന്ന് ശശിതരൂർ പറഞ്ഞു. അനിൽ ആന്റണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് നേരത്തെ ഡിജിറ്റൽ മീഡിയ സെല്ലിലേക്ക് ക്ഷണിച്ചത്. തിരുത്താൻ പറ്റാത്ത ഒരു നിയമവും കോൺഗ്രസിലില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.