കോഴിക്കോട്: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേയേലി പ്രതികാരം അതിരുകടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന് . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രായേലില്‍ 1400 പേര് ബോംബാക്രമണത്തില്‍ മരിച്ചപ്പോള്‍ ഗാസയില്‍ ചത്തുവീണത് ആറായിരം പേരാണ്. 15 വര്‍ഷക്കാലം നടന്നതിനേക്കാള്‍ കടുത്ത ക്രൂരത 19 ദിവസം കൊണ്ട് ഉണ്ടായി.
അവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും നിര്‍ത്തി. പെട്രോള്‍ വിതരണം തടഞ്ഞു. ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുന്നു. യുദ്ധത്തിന് ചില അന്താരാഷ്ട്ര നിയമങ്ങളുണ്ട്. അതെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. മതം നോക്കിയല്ല ബോംബ് വീഴുന്നത്. ഭീകര ആക്രമണം രണ്ടുഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര പലസ്തീനാണ് പ്രശ്നത്തിനു പരിഹാരമെന്നും പലസ്തീന് ജനതയുടെത് അധിനിവേശത്തിനെതിരായ ചെറുത്തുനില്പാണെന്നും റാലി ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാഖിദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി എം.എ. സലാം, ഡോ.എം.കെ. മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.