കുട്ടനാട് എംഎല്‍എയും, മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ അനുജനുമായ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെ നിലപാടിനോട് മുഖ്യമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ ആറുമാസത്തിലധികമായി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിസി ചാക്കോ കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിലും മുഖ്യമന്ത്രിയുടെ താല്‍പ്പര്യക്കുറവ് മൂലം പരിഹാരം നീണ്ടുപോവുകയായിരുന്നു. എന്‍സിപിക്ക് കേരളാ നിയമസഭയില്‍ രണ്ടു എംഎല്‍എമാരാണുള്ളത്. എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രനും,കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും.
ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്ത്രിയായ ആളാണ് എകെ ശശീന്ദ്രന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം തന്നെ തുടര്‍ന്നു. ഇടക്ക് വച്ച് ടെലിഫോണ്‍ വിവാദത്തില്‍ രാജിവച്ചെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് മന്ത്രിസഭയിലെത്തി. ആറു തവണ എംഎല്‍എ ആയും രണ്ടു തവണ മന്ത്രിയുമായ എകെ ശശീന്ദ്രന് ഇനി സ്ഥാനമൊഴിയണമെന്നാണ് എന്‍സിപിയിലെ ഒരു വിഭാഗം വാദിക്കുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ശശീന്ദ്രന്മാറി തോമസ് കെ തോമസിനെ മന്ത്രിയാക്കാമെന്ന ധാരണ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുണ്ടാക്കിയിരുന്നതാണ് എന്ന് പിസി ചാക്കോ വിഭാഗം വാദിക്കുന്നു. എന്നാല്‍ അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപി പക്ഷത്തേക്ക് പോയതോടെ പ്രഫുല്‍പട്ടേലും കൂടെപ്പോയി. ഇതോടെ ആ ധാരണവെള്ളത്തിലായി.
എകെ ശശീന്ദ്രനോടാണ് സിപിഎമ്മിനും പിണറായിക്കും താല്പര്യം. കാരണം 1980 മുതല്‍ ശശീന്ദ്രന് ഇടതുപക്ഷത്തിനൊപ്പമാണ്. 1980 ല്‍ കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായാണ് ശശീന്ദ്രന് നിയമസഭയിലെത്തുന്നത്. അന്നുമുതല്‍ സിപിഎം നേതൃത്വവുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് അദ്ദേഹം. തന്റെ നേതാക്കളായ ഏകെ ആന്റെണിയും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയപ്പോഴും രാമചന്ദ്രന് കടന്നപ്പള്ളിയോടൊപ്പം ഇടതുപക്ഷത്ത് ഉറച്ച് നിന്നയാളാണ് ശശീന്ദ്രന്. അതുകൊണ്ട് സിപിഎമ്മിന് താല്പര്യവും ശശീന്ദ്രനോടാണ്.
എന്നാല്‍ ശശീന്ദ്രനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിസി ചാക്കോ. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലെത്തി ഒരാഴ്ചകൊണ്ട് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റുമായ ആളാണ് പിസി ചാക്കോ. ശരത് പവാറുമായി വളരെ അടുത്ത വ്യക്തി ബന്ധങ്ങളുള്ളയാള്‍.ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയേ തീരൂ എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ചാക്കോ. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോഴും ശരത് പവാറും മുംബൈ ലോബിയുമായുള്ള അടുപ്പ്ം കാത്ത് സൂക്ഷിച്ചയാളാണദ്ദേഹം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നപ്പോള്‍ പാര്‍ട്ടിയില്‍ ചാക്കോ അരികുവല്ക്കരിപ്പെട്ടതും അതുകൊണ്ടാണ്.
എന്നാല്‍ കേരളത്തില്‍ ആരു മന്ത്രിയാകണമെന്ന് തിരുമാനിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. പിണറായി വഴങ്ങണമെങ്കില്‍ ശരത് പവാര്‍ നേരിട്ട് ഇടപടുകയെങ്കിലും വേണം. എന്നാല്‍ മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തില്‍ നില്ക്കുന്ന സമയത്ത് കേരളത്തില്‍ മന്ത്രിയെ മാറ്റുന്ന കാര്യമാലോചിക്കാനുള്ള സമയമൊന്നും ശരത്പവാറിനില്ല. ഇതാണ് പിസി ചാക്കോയും സംഘത്തെയും പ്രതിസന്ധിയിലാക്കുന്നത്. എന്‍സിപിയുടെ സംസ്ഥാന പ്രമുഖ നേതാക്കളെല്ലാം ശശീന്ദ്രന് അനുകൂലികളാണ്. ആദ്യം കോണ്‍ഗ്രസ് എ യിലും, പിന്നീട് കോണ്‍ഗ്രസ് എസിലും അതിന് ശേഷം എന്സിപിയിലുമെല്ലാം ശശീന്ദ്രനും കടന്നപ്പള്ളിക്കുമൊപ്പം നിലയുറപ്പിച്ചവരാണ് ഈ നേതാക്കള്‍. ഇവരാരും അടുത്ത് കാലത്ത് പാര്‍ട്ടിയിലേക്ക് വന്ന ചാക്കോയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കില്ല.
എന്നാല്പാര്ട്ടിക്കുള്ളിലുണ്ടാക്കിയ കരാര്‍ പാലിക്കണമെന്നും ഏകെ ശശീന്ദ്രന് സ്ഥാനമൊഴിയണമെന്നും അതാണ് ധാര്‍മ്മികതയെന്നും വാദിക്കുന്നവരും എന്സിപിയിലുണ്ടെങ്കിലും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ നിയമസഭാംഗത്വവും രാജിവക്കുമെന്ന നിലപാടിലാണ് ശശീന്ദ്രന്. ഇതാണ് ഇടതുമുന്നണിയെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. ശശീന്ദ്രനോട് മന്ത്രിസ്ഥാനം ഒഴിയാന്‍ താന്‍ പറയില്ലന്ന നിലപാടിലാണ് പിണറായി വിജയന്. ലാവ്ലിന് കേസിന്റെ കാലത്തൊക്കെ പിണറായിക്ക് വേണ്ടി നാടുമുഴുവന്‍ പ്രസംഗിച്ചു നടന്നയാളാണ് ശശീന്ദ്രന്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് മടിയുമാണ്. ശശീന്ദ്രനെ മാറ്റണമെന്ന നിലപാട് ശരത് പവാര്‍ എടുക്കുകയാണെങ്കില്‍ മാത്രം അതിനെക്കുറിച്ചാലോചിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട്.