ജയ്പുർ: ഐപിഎൽ 17–ാം സീസണിൽ മികച്ച ഫോമില്‍ തുടരുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതെത്തി. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മയെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. 8 മത്സരങ്ങളിൽനിന്ന് 62.8 ശരാശരിയിൽ 314 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽനിന്ന് 379 റൺസ് നേടിയ റോയൽ ചാലഞ്ചേഴ്സ് താരം വിരാട് കോലിയാണ് പട്ടികയിൽ ഒന്നാമതുള്ളത്.
സീസണിൽ റോയൽസിനായി മൂന്ന് അർധ സെഞ്ചറികളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദ് (349), സൺറൈസേഴ്സിന്റെ ട്രാവിസ് ഹെഡ് (324), റോയൽസിന്റെ തന്നെ റിയാൻ പരാഗ് (318) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 8 മത്സരങ്ങളിൽ 303 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ റോയൽസിനായി പുതിയ നാഴികക്കല്ലു പിന്നിടാനും സഞ്ജുവിനായി. രാജസ്ഥാൻ ടീമിനായി ഐപിഎലിൽ 3500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 128-ാം ഇന്നിങ്സിലാണ് സഞ്ജു രാജസ്ഥാനായി 3500 റണ്‍സ് തികച്ചത്. 79 ഇന്നിങ്സുകളില്‍നിന്ന് 2981 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് പിന്നിൽ. അജിങ്ക്യ രഹാനെ (2810 റണ്‍സ്), ഷെയ്ന് വാട്സൻ (2371 റണ്‍സ്) എന്നിവരാണ് ആദ്യ നാലിലുള്ള മറ്റു താരങ്ങൾ.