മുംബൈ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനും സ്ഥാനം നിലനിര്‍ത്തി. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ക്വാഡ് കൂടിയാണിത്.
പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്കി. ഉമ്രാന് മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്റി 20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക.