ഹൈദരാബാദ് : ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ 111 റൺസാണ് താരം നേടിയത്. 11 ഫോറുകളും എട്ട് സിക്സുകളും സെഞ്ച്വറിയുടെ മാറ്റുകൂട്ടി. ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്. 35 പന്തിൽ സെഞ്ച്വറി നേടിയ മുൻ ക്യാപ്റൻ രോഹിത് ശർമയാണ് ഒന്നാമത്.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ അഞ്ച് സിക്സറുകളാണ് സഞ്ജു അടിച്ചുപറത്തിയത്. 14 -ാം ഓവറിൽ മുസ്തഫിസുറിന്റെ പന്തിലാണ് സഞ്ജു പുറത്താകുന്നത്. 14 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസുമായി ബാറ്റിങ് തുടരുകയാണ്. 32 പന്തിൽ 67 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒരു റൺസെടുത്ത റിയാൻ പരാഗുമാണ് ക്രീസിലുള്ളത്.
നാല് റൺസെടുത്ത അഭിഷേക് ശർമയാണ് ഔട്ടായ മറ്റൊരു ബാറ്റർ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.