മുംബൈ: പുതിയ സീസണിൽ പുതിയ നായകനുമായെത്തിയ മുംബൈയുടെ ശനിദിശ അവസാനിക്കുന്നില്ല. രാജസ്ഥാനോട് 6 വിക്കറ്റിന് തോറ്റതിനേക്കാളുപരി നായകൻ ഹർദിക്കിന് ലഭിക്കുന്ന പരാഹാസമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദ്യ രണ്ട് മത്സരത്തിൽ എവേ ഗ്രൗണ്ടിൽ കൂവലേറ്റെങ്കിലും വാങ്കഡെയിലും അതുണ്ടാകുമെന്ന് മുംബൈ മാനേജ്മെന്റ് പ്രതീക്ഷിച്ചില്ല. ടോസ് ഇടുന്ന സമയത്ത് ഹാർദിക് പാണ്ഡ്യയുടെ പേരു വിളിക്കുമ്പോഴും ആരാധകരുടെ കൂവലായിരുന്നു. അവതാരകനായ സഞ്ജയ് മഞ്ജരേക്കർ മാന്യമായി പെരുമാറാൻ മുംബൈയിലെ ആരാധകരോടു ആവശ്യപ്പെടുന്നുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസ് ടോസ് വിജയിച്ചപ്പോഴും ഗാലറിയിൽ മുംബൈ ആരാധകരുടെ ആർപ്പു വിളിയായിരുന്നു. ഹോം ഗ്രൗണ്ടിൽ സ്വന്തം ക്യാപ്റ്റനെ ടീമിന്റെ ആരാധകർ ഇങ്ങനെ കൂവുന്നത് തന്റെ കരിയറിൽ ആദ്യമായാണു കാണുന്നതെന്ന് ഇംഗ്ലണ്ട് മുൻ താരം ഒയിൻ മോര്ഗൻ പറഞ്ഞു.
അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്തിനെ മറികടന്നാണ് ഗുജറാത്തിനെ രണ്ട് വട്ടം ഐപിഎൽ ഫൈനലിലെത്തിച്ച പാണ്ഡ്യയെ നായകനാക്കുന്നത്. തീരുമാനത്തിനെതിരെ മുംബൈ ആരാധകർ ഒന്നടങ്കം രംഗത്ത് വന്നെങ്കിലും മാനേജ്മെന്റ് പിന്മാറിയില്ല. രോഹിത്തിന് ഹർദിക് കളിക്കളത്തിൽ ഫീൽഡിംഗ് നിർദേശിച്ചതും ആരാധകരുടെ അപ്രീതിക്ക് കാരണമായി. വരും മത്സരങ്ങളിലും ടീമിന്റെ പ്രകടനം മോശമാവുകയും ഹർദിക്കിനെതിരെ പ്രതിഷേധം തുടരുകയും ചെയ്താൽ നായകനെ മാറ്റാൻ മുംബൈ തയ്യാറാകുമോയെന്നാണ് ആകാംശ.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റണ്സെടുക്കാൻ മാത്രമാണു മുംബൈയ്ക്കു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ രാജസ്ഥാന് റോയൽസ് വിജയത്തിലെത്തി. 39 പന്തിൽ 54 റൺസെടുത്ത യുവതാരം റിയാൻ പരാഗാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്റേത്.