തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത് പോകുകയായിരുന്നു.
കടൽ തിരിച്ചിറങ്ങിത്തുടങ്ങിയതോടെ കഴിഞ്ഞ നവംബറിലാണ് ബീച്ച് സജീവമായത്. അന്ന് കടലാക്രമണത്തിൽ തകർന്ന റോഡ് പൊതുമരാമത്ത് വകുപ്പ് പുനഃർനിർമിച്ചിരുന്നു. കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിയും നിർമിച്ചു. ശംഖുംമുഖത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും നടക്കുമ്പോഴാണ് വീണ്ടും തീരം കടലെടുത്തു തുടങ്ങിയത്.