ബംഗളൂരു : മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ കോട്ടയം സ്വദേശി ആർ. വിനുകുമാറിനൊപ്പം കൊല്ലപ്പെട്ട സ്ഥാപനത്തിന്റെ എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ(36)യുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ‘കർണാടകയിലെ സ്നേഹത്തിന്റെ കട! ബെംഗളൂരുവിൽ മറ്റൊരു ഹിന്ദു നേതാവ് ഫനീന്ദ്ര സുബ്രഹ്മണ്യത്തെ വെട്ടിക്കൊന്നു. ധർമ ഗുരുക്കൻമാരെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണോ? കോൺഗ്രസ് അവരുടെ സ്നേഹത്തിന്റെ കട തുറന്ന് ഒരുമാസം ആകുമ്പോഴേക്കും ഹിന്ദു മൃതദേഹങ്ങൾ കുന്നുകൂടുന്നു. മാധ്യമങ്ങളും ഓൺലൈൻ ഹിന്ദു വീരന്മാരും എല്ലാം നിശബ്ദരാണ്’ തുടങ്ങിയ വിദ്വേഷ പരാമർശങ്ങളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാൽ, കൊല്ലപ്പെട്ട ഫനീന്ദ്ര സുബ്രഹ്മണ്യം മതപുരോഹിതനോ നേതാവോ അല്ല.