ചെന്നൈ : സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. എന്താണോ പറഞ്ഞത്, അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നതായി ഉദയനിധി പറഞ്ഞു. കഴിഞ്ഞ ദിവസം സനാതന ധർമം സംബന്ധിച്ച് ഒരു ചടങ്ങിൽ സംസാരിച്ചു. എന്താണോ അന്ന് പറഞ്ഞത് അത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കും.
ജാതി വിവേചനത്തെ അപലപിച്ചാണ് താൻ സംസാരിച്ചത്. ഹിന്ദുവിനെ മാത്രമല്ല എല്ലാ മതങ്ങളെയും ഉൾപ്പെടുത്തിയാണ് പറഞ്ഞതെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു സനാതന ധർമത്തെ വിമർശിച്ച് നടൻ കൂടിയായ യുവ മന്ത്രി സംസാരിച്ചത്. സനാതന ധർമം സാമൂഹിക നീതിക്ക് നിരക്കുന്നതല്ലെന്നും ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്തത്.