മുംബൈ : ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തതായി സൂചനകള്‍. നിലവില്‍ കൊളംബോയിലുള്ള മുഖ്യ സെലക്ഷന് കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ യോഗം ചേര്‍ന്നു തീരുമാനമെടുത്തതായാണ് പുറത്തു വരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിലെ ഏഷ്യാ കപ്പ് ടീമിലെ മൂന്ന് പേരെ ഒഴിവാക്കിയതു മാത്രമാണ് മാറ്റമെന്നു സൂചനകളുണ്ട്. മലയാളി താരം സഞ്ജു സാംസണ്, തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കി ശേഷിക്കുന്ന 15 അംഗ സംഘത്തെയാണ് ലോകകപ്പിനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പരിക്ക് പൂര്‍ണമായി മാറിയില്ലെങ്കിലും കെഎല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിവു പോലെ സൂര്യ കുമാര്‍ യാദവിന്റെ സ്ഥാനത്തിനും ഒരു ഇളക്കവും സംഭവിച്ചിട്ടില്ല.
അവസാനം കളിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 78 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ആവറേജ് 26. 2022ലാണ് താരം അവസാനമായി ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്. അതിനു ശേഷം താരം 20 ഏകദിനങ്ങള്‍ കളിച്ചു. 18 ഇന്നിങ്സുകളും ബാറ്റ് ചെയ്തു. എന്നാല്‍ ഒന്നില്‍ പോലും തിളങ്ങിയില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തിലും തുടര്‍ച്ചയായി പൂജ്യത്തിനു പുറത്തായി. പക്ഷേ ടീമിലെ സ്ഥാനത്തിനു ഇളക്കമില്ല. കരിയറില്‍ രണ്ട് ഏകദിന അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് സൂര്യക്കുള്ളത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന് വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, കെഎല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ് കരുത്ത്. രാഹുലും കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
പേസ് ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദു ഠാക്കൂര്‍ എന്നിവര്‍. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ.
ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.
യുസ്വേന്ദ്ര ചഹലിനു ലോകകപ്പ് ടീമിലും ഇടമില്ല. ഈ വര്‍ഷം മികച്ച ബൗളിങാണ് കുല്‍ദീപ് യാദവ് നടത്തിയത്. ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് കുല്‍ദീപ്. 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2019 ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കുല്‍ദീപ് കളിച്ചു. ആറ് വിക്കറ്റുകളും നേടി.
ഈ മാസം അഞ്ചിനു മുന്‍പ് ടീമിനെ പ്രഖ്യാപിക്കണം. കെഎല്‍ രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ചു ഫൈനല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ടീം പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.
ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, ഇഷാന് കിഷന്, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍.