കാസര്‍കോട് : പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മോശം പ്രചാരണം നടത്തിയിട്ട് ഇനിയുണ്ടാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല, കടന്നല് ആളുകളെ കുത്തുന്നതിന് മുന്‍പ് നശിപ്പിക്കണം. സലാമിനെ പോലെയുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക അല്ലെങ്കില്‍ കെട്ടിയിടണമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് എസ്വൈഎസ് സംസ്ഥാന മീലാദ് ക്യാമ്പയിന് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിക്ഷേപങ്ങളുണ്ടായാല്‍ ഇനിയും മറുപടി പറയുമെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. അപ്പോള്‍ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങള്‍ ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഐക്യം നിലനിര്‍ത്താന്‍ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടാകണം. സമസ്തയോട് കളിക്കരുത്. അധിക്ഷേപിക്കുന്നവര്‍ അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കും. ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്ക് അറിയാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പോഷക സംഘടനകളെ കുറിച്ച് അറിയാത്തവരാണ് സമസ്തയെ കുറിച്ച് പറയുന്നത്. ആദ്യം സമസ്തയെ കുറിച്ച് പഠിക്കണം. പഠിച്ച ശേഷം മതി ആക്ഷേപങ്ങള്‍. അല്ലെങ്കില്‍ അത് അധഃപതനത്തിലേക്കുള്ള പോക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.