ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പതിനഞ്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ് വാദ് പാര്‍ട്ടി. സീറ്റ് വാഗ്ദാനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകുമെന്ന് സമാജ് വാദി മേധാവി അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യാ സഖ്യത്തിന് രൂപം നല്‍കിയെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ സീറ്റ് ധാരണ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പതിഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്ത് അഖിലേഷ് രംഗത്തുവന്നത്. കഴിഞ്ഞ തവണ യുപിയില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചപ്പോള്‍ ഒറ്റ സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് ആശ്വാസ വിജയം നേടിയത്. ഇന്ത്യയിലാകെ 52 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേഠിയും നഷ്ടമായി. 37ാം ദിവസം പിന്നിടുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ബാബുഗഞ്ജില് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. യാത്രയില്‍ എസ്പി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കുമെന്ന പ്രതീക്ഷകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചത്.