2024ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടം നേടി ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന് പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക്ക് ഉള്‍പ്പെട്ടത്. ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരായ ലൈംഗിക ആരോപണത്തില്‍ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിലെ സജീവ സാന്നിധ്യമാണ് സാക്ഷി മാലിക്.
കഴിഞ്ഞ ദിവസമാണ് ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സാക്ഷിയെ കൂടാതെ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, നടനും സംവിധായകനുമായ ദേവ് പട്ടേല്‍ എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ വാങ്ങിയ ഏക വനിത താരമാണ് സാക്ഷി മാലിക്. വിനേഷ് ഫോഗട്ടിന്റെയും ബജ്റങ് പൂനിയയുടെയും കൂടെയായിരുന്നു സമരം ചെയ്തത്. ബ്രിജ് ബൂഷന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തനായ സജ്ഞയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന് പ്രസിഡന്റാക്കിയതോടെ സാക്ഷി കായിക രംഗത്ത് നിന്ന് വിടപറഞ്ഞിരുന്നു.