കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’എന്ന പാർട്ടി രൂപീകരിച്ചു. എൻ.ഡി.എയോട് ചേർന്നാകും പുതിയ പാർട്ടി പ്രവർത്തിക്കുക. കോട്ടയത്ത് നടന്ന കൺവെൻഷനിൽ പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും രാജിവെച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു സജി മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി നേതൃത്വവും ബന്ധപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു. കോട്ടയത്തെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.