‘ഇവിടെ നിന് വാക്കുറങ്ങാതിരിക്കുന്നു’ എന്ന് ഒഎന്‍വി പാടിയത് കാള്‍ മാര്‍ക്സിനെക്കുറിച്ച് മാത്രമല്ല, കെഎം മാണിയെക്കുറിച്ച് കൂടിയാണ് എന്ന് വേണം കരുതാൻ. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പന് തല്‍സ്ഥാനം രാജിവച്ചു പാര്‍ട്ടി വിട്ടത് ഏതാനും ദിവസം മുൻപാണ്. ഇപ്പോള്‍ അദ്ദേഹം പുതിയൊരു കേരളാ കോണ്‍ഗ്രസുണ്ടാക്കി ബിജെപിയുടെ എൻഡിഎ മുന്നണിയിലേക്ക് ചേരാൻ നോക്കുകയാണ്.
കേരളത്തില്‍ ഇപ്പോൾ കേരളാ കോണ്‍ഗ്രസുകള്‍ എത്രയെണ്ണമുണ്ടെന്ന് പെട്ടെന്നാർക്കും പറയാൻ കഴിയില്ല. ഭരണകക്ഷിയില്‍ മൂന്നെണ്ണവും പ്രതിപക്ഷത്ത് രണ്ടെണ്ണവുമുണ്ട് . പിന്നെ കേരളത്തിലെ എന്‍ഡിഎയിലും ഒരു കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെയുണ്ട്. പേര് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്. ചെയര്മാന് കുരുവിള മാത്യുസ്. എങ്ങുമില്ലാതെ നില്ക്കുന്ന കേരളാ കോണ്ഗ്രസുകളുമുണ്ട്. ഏതാണ്ട് നാല്‍പ്പത് വര്‍ഷം മുമ്പാണ് കെഎം മാണി കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് വളരും തോറും പിളരും, പിളരും തോറും വളരുമെന്ന് പറഞ്ഞത്. പിളരാതിരിക്കാന്‍ കേരളാ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കാരണം ആ പാര്‍ട്ടിയുടെ ജനിതകം തന്നെ പിളര്‍പ്പില്‍ അധിഷ്ഠിതമാണ്. പ്രവാചകതുല്യമായ മനസോടെയാണ് കെഎം മാണി കേരളാ കോണ്‍ഗ്രസിനെ വിലയിരുത്തിയതെന്ന് വ്യക്തം. അതുകൊണ്ടാണ് മഹാകവി ഒഎന്‍വിയുടെ വരികള്‍ മാര്ക്സിനെന്ന പോലെ മാണിക്കും ചേരുമെന്ന് പറയുന്നത്.
കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് എന്ന പേരിലാണ് പുതിയ പാർട്ടിയുടെ മാമ്മോദീസ നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയാകുന്നതിന് മുന്നോടിയായി മഞ്ഞക്കടമ്പന് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുയും ചെയ്തു. സഭകളുടെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം മറ്റൊരു ക്രിസ്ത്യന്‍ പാര്‍ട്ടി കേരളത്തില്‍ രൂപീകരിച്ചിരുന്നു. പേര് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി. ചില മുന്‍ കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പിന്റെയും നേതൃത്വത്തിലായിരുന്നു ഇത്. സഭക്ക് ബിജെപിയുമായി അടുക്കാനുള്ള പാലമായാണ് അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ ആ പാര്‍ട്ടി പിറന്നത് തന്നെ ചാപിള്ളയായിട്ടാണ്. കാരണം അപ്പോഴേക്കും മണിപ്പൂരില്‍ ഗോത്ര സംഘര്‍ഷം രൂക്ഷമാവുകയും കേരളത്തില്‍ വരെ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഇനി ഒരിക്കലും കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് കരുതിയാണ് ഇത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കാന്‍ ക്രൈസ്തവ സഭകളിലെ ചിലർ ശ്രമിച്ചത്. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളമെന്ന കേവലം പതിനാല് ജില്ലകളിലെ രാഷ്ട്രീയമല്ല വിഷയം, മറിച്ച് ദേശീയ രാഷ്ട്രീയമാണ്. അതനുസരിച്ചുള്ള തന്ത്രങ്ങളെ അവര്‍ കൈക്കൊള്ളുകയുള്ളു.
കേരളാ കോണ്‍ഗ്രസുകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് വീണ്ടുമൊരു മലയോരപ്പാർട്ടി കൂടി ജന്മമെടുക്കുന്നത്. മഞ്ഞക്കടമ്പന് കോണ്‍ഗ്രസിന്റെ ലക്ഷ്യം ബിജെപിയുടെ ആര്‍ഭാടമായ ഫണ്ടുചിലവാക്കല് മഹാമഹത്തില്‍ ഒരു കണ്ണിയായി ചേരുക എന്നതാണ്. സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി ബിജെപിയിലേക്ക് ചെല്ലുമ്പോള്‍ ഒന്നും തടയാതിരിക്കില്ലെന്നു മഞ്ഞക്കടമ്പനറിയാം. എന്തൊക്കെയായാലും കുറെനാള്‍ അദ്ദേഹം കേരളാ കോണ്‍ഗ്രസുകാരനായിരുന്നല്ലോ. കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസുകളെ മടുത്തു തുടങ്ങിയിട്ടുണ്ട്. പിന്നെയും പുതിയൊരു കേരളാ കോണ്‍ഗ്രസ് കൂടി വരുമ്പോൾ എന്തായിരിക്കും സ്ഥിതി. ഒരു കാലത്ത് കരുത്തരായ നേതാക്കളുടെ മേല്‍വിലാസത്തില്‍ രൂപപ്പെട്ട പാര്‍ട്ടിയാണ്, അല്ലെങ്കില്‍ പാര്‍ട്ടികളാണ് കേരളാ കോണ്‍ഗ്രസുകള്‍. മൂന്ന് എംപിമാര്‍ വരെ ലോക്സഭയില്‍ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ കരുത്തരായ നേതാക്കള്‍ അരങ്ങൊഴിഞ്ഞു. ഭാഗ്യാന്വേഷികളും അവസരവാദത്തിന്റെ അപ്പസ്തോലന്മാരുമാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസുകളില്‍ നിറയെ.
ഇനിയുമൊരു കേരളാ കോണ്‍ഗ്രസിനെ താങ്ങാന്‍ കഴിയുമോ കേരളത്തിന് എന്നാണ് സജി മഞ്ഞക്കടമ്പന്റെ സാഹസം അറിഞ്ഞപ്പോള്‍ പല രാഷ്ട്രീയ നിരീക്ഷകരും ചോദിച്ചത്. ബിജെപി നേതൃത്വം നേരത്തെ പലതവണ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വേണ്ടി ചൂണ്ടയെറിഞ്ഞതാണ്. കെഎം മാണിയുളള കാലത്ത് ചില ആശയവിനിമയമൊക്കെ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുദ്ധിമാനായ കെഎം മാണിക്ക് കേരളത്തിന്റെ രാഷ്ട്രീയമനസിനെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യഘട്ട ചർച്ചകൾക്കപ്പുറം ആ നീക്കം പോയതുമില്ല. എന്നാല്‍ എപ്പോഴും ബിജെപിക്ക് പ്രാപ്യനാണ് താന്‍ എന്ന ധാരണ പരത്തുന്നതില്‍ മാണി വിജയിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തില്‍ ഭരണത്തില്‍ വരാന്‍ വളരെ സാധ്യതയുളള ഒരു പാര്‍ട്ടിയുമായി അകല്‍ച്ചയില്‍ പോകേണ്ട എന്ന മാണിയന്‍ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
പ്രധാന കേരളാ കോണ്‍ഗ്രസുകളെ ആരെയും തങ്ങള്‍ക്കൊപ്പം കിട്ടില്ലെന്ന് മനസിലായപ്പോഴാണ് പുതിയ ക്രൈസ്തവ പാര്‍ട്ടിയെന്ന തന്ത്രവുമായി ബിജെപി രംഗത്ത് വന്നത്. എന്നാല്‍ അതും പൊളിഞ്ഞു. പക്ഷെ സജി മഞ്ഞക്കടമ്പനെപ്പൊലുള്ള നേതാക്കള്‍ ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാറില്ല. കാറ്റുള്ളപ്പോള്‍ പാറ്റുക എന്ന പ്രായോഗികതയുടെ വക്താക്കള്‍ മാത്രമാണ് അവര്‍.